Kerala
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കുന്നതിൽ എതിർപ്പുമായി ഒരു വിഭാഗം സിപിഎം പ്രവർത്തകർ രംഗത്തെത്തി. വ്യക്തിക്ക് ജനങ്ങളുടെ ഇടയിലുള്ള സ്വീകാര്യതയാണ് പ്രധാനമെന്നും നേതൃത്വം മാറ്റിചിന്തിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലാണ് പ്രവർത്തകർ പി.കെ. ശ്യാമളയ്ക്കെതിരെ രംഗത്തുവന്നത്.
പാർട്ടി തിരുത്തണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്. കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാൻ അധികസമയം വേണ്ടിവരില്ല എന്നും തളിപ്പറമ്പ് മണ്ഡലത്തിലെ ഇപ്പോഴത്തെ സ്ഥാനാർഥിത്വം പുനർചിന്തനം അർഹിക്കുന്നുവെന്നും പ്രവർത്തകർ പറയുന്നു.
ജനകീയനായ ഒരാളെ നിശ്ചയിക്കണമെന്നും വികാരം കൊണ്ടല്ല വിവേകം കൊണ്ടാണ് ഇത്തരത്തിൽ ആവശ്യപ്പെടുന്നത് എന്നും പ്രവർത്തകർ കുറിക്കുന്നുണ്ട്. ജനങ്ങളുടെ മനസറിയാൻ പറ്റാത്ത നേതൃത്വമാണ് ഉള്ളതെന്നും പാർട്ടിയെ സ്നേഹിക്കുന്നവരെ പൊട്ടന്മാരാക്കരുത് എന്നും പ്രവർത്തകരുടെ കുറിപ്പുകളിലുണ്ട്.
എം.വി. ഗോവിന്ദനാണ് നിലവിൽ തളിപ്പറമ്പ് എംഎൽഎ. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്നതിനാലാണ് ഗോവിന്ദൻ മത്സരിക്കാത്തത്.